2013 ഒക്‌ടോബർ 12, ശനിയാഴ്‌ച

എന്‍റെ തിക്കോടി [6]


എന്‍റെ തിക്കോടി ( 6 )


വി ടി കുമാരന്‍ മാഷ്‌ 







വി.ടി.കുമാരന്‍ മാഷ്‌ - എന്‍റെ തിക്കോടിയിലെ ഏക ഹൈസ്കൂളായ പയ്യോളി ഹൈസ്കൂളില്‍, പ്രൈമറി ക്ലാസ്സില്‍ പഠിയ്ക്കുന്ന കാലത്തുമുതലേ, തികച്ചും അന്തര്‍മുഖനായിരുന്ന എന്നെ ഇത്തിരിയെങ്കിലും ആത്മവിശ്വാസമുള്ളവനാക്കി മാറ്റിയ എന്‍റെ പ്രിയപ്പെട്ട കവി മാഷ്‌ - കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത് ഇരുപത്തിയേഴു വര്‍ഷം മുമ്പ് ഒരു ഒക്ടോബര്‍ 11 ന്.. ചിരിപ്പിച്ചും ചിന്തിപ്പിച്ചും എന്നെയും അല്‍പം വായനാ ശീലമൊക്കെയുള്ള എന്‍റെ ചില കൂട്ടുകാരെയും നല്ല പുസ്തകങ്ങള്‍ പരിചയപ്പെടുത്തിയും ഞങ്ങളോടൊപ്പം കഴിഞ്ഞ മാഷ്‌ ഞങ്ങള്‍ക്ക് 'ഗുരുനാഥന്‍' തന്നെയായിരുന്നു.
മധുര ഭാഷണങ്ങളിലൂടെ ശ്രോതാക്കളെ കൈയിലെടുക്കുന്ന മാഷിന്റെ വാക്ക് വൈഭവം അക്കാലത്ത് വേറിട്ട ഒരു അനുഭവമായിരുന്നു, ഞങ്ങളുടെ നാട്ടില്‍- പ്രത്യേകിച്ചും എന്‍റെ തിക്കോടിയില്‍....
വാസനാ സമ്പന്നനും പണ്ഡിതനും ആയിരുന്ന ഞങ്ങളുടെ കുമാരന്‍ മാഷ്‌ എഴുതിയ ആദ്യകാല കവിതകള്‍ പലതും അക്കാലത്ത് തന്നെ മാഷ്‌ തന്നെ ചൊല്ലിയും ഞങ്ങളുടെ ചിത്രകലാ അദ്ധ്യാപകനായിരുന്ന, രാഘവന്‍ മാഷ്‌ ചൊല്ലിത്തന്നും കേള്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.. പിന്നീട് പ്രസിദ്ധീകരിയ്ക്കപ്പെട്ട സൃഷ്ടികള്‍ വായിക്കാനും അവസരം ലഭിച്ചു..
മാഷുടെ പ്രധാന കൃതിയായി എനിയ്ക്കന്നു തോന്നിയിരുന്ന വോള്‍ഗയിലെ താമരപ്പൂക്കള്‍ പല തവണ വായിച്ചിട്ടുണ്ട്. മാഷുടെ തിരഞ്ഞെടുത്ത കവിതകള്‍ സമാഹരിച്ചു പുറത്തിറക്കിയിരുന്നു, വി ടി കുമാരന്‍ മാസ്റ്റര്‍ സ്മാരകസമിതി. പിന്നീട് കേരള സാഹിത്യ അക്കാദമിയും പ്രസിദ്ധീകരിക്കുകയുണ്ടായി, തിരഞ്ഞെടുത്ത കവിതകള്‍. ബഹുഭാഷാ പണ്ഡിതന്‍ ആയിരുന്ന മാഷ്‌ കുറെ മറുഭാഷാ രചനകള്‍ മലയാളത്തിലേയ്ക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്.
നീലക്കടമ്പ്(കവിതകള്‍), ഭാരതീയ സംസ്കാരത്തിന്ടെ കൈവഴികള്‍ (ലേഖനങ്ങള്‍ ) മഞ്ജരി( ലേഖനങ്ങള്‍ ) മതിലേരി കന്നി (പഠനം) വി.ടി. കുമാരന്ടെ ലേഖനങ്ങള്‍ എന്നിവയാണ് പ്രസിദ്ധീകരിയ്ക്കപ്പെട്ട മറ്റു കൃതികള്‍.
വിശിഷ്ട സേവനത്തിനുള്ള അധ്യാപക അവാര്‍ഡ് 1972ല്‍ മാഷിനു ലഭിച്ചിരുന്നു.. എനിയ്ക്കിപ്പോഴും തോന്നുന്നു, നിരവധി ശിഷ്യഗണങ്ങളുടെ മനസ്സില്‍ അദ്ദേഹം നേടിയ അനിഷേദ്ധ്യസ്ഥാനം തന്നെയാണ് അതിലും വലിയ പുരസ്കാരമെന്ന്.

പദ് മനാഭന്‍ തിക്കോടി







2013 സെപ്റ്റംബർ 25, ബുധനാഴ്‌ച

എന്‍റെ തിക്കോടി (അഞ്ച് )

ഈ ചിത്രങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും 



 പാതി അറ്റുപോയ ഇടതുകൈ നെഞ്ചോട് ചേര്‍ത്ത് അതില്‍ വെച്ച ചായക്കൂട്ടുകളില്‍ നിന്നും മിഴിവുറ്റ  ചിത്രങ്ങള്‍ക്ക്  ജന്മം നല്‍കുന്ന  ബാലകൃഷ്ണന്‍ തിക്കോടി ശ്രദ്ധേയനാവുന്നു. പിറന്നതുമുതല്‍ ഇങ്ങോളം വിധി സമ്മാനിച്ചു കൊണ്ടിരിയ്ക്കുന്ന ബുദ്ധിമുട്ടുകളെ നേരിടുന്ന ബാലകൃഷ്ണന്‍ വര്‍ണങ്ങളുടെ ലോകത്ത് നടത്തുന്ന പരീക്ഷണങ്ങള്‍ ആരുടേയും  മനസ്സിനെ കീഴടക്കും.

എണ്ണച്ചായത്തില്‍  രവിവര്‍മ ചിത്രങ്ങളുടെ പുനസൃഷ്ടിയാണ് ബാലകൃഷ്ണന്റെ പ്രധാന വര്‍ക്കുകള്‍. എണ്ണച്ചായത്തിനുപുറമേ, ജലച്ഛായത്തിലും [ ലാന്റ്‌സ്‌കേപ്പുകള്‍] , ആക്രലിക്കിലും, നൈഫിലും ബാലകൃഷ്ണന്‍ കൈവെച്ചുകഴിഞ്ഞു.



ഈ നേട്ടങ്ങളൊക്കെ ഉണ്ടായെങ്കിലും  തിക്കോടി പാലൂര്‍ മഹാവിഷ്ണുക്ഷേത്രത്തിനടുത്ത വെള്ളാങ്കണ്ടിവീട്ടിനപ്പുറത്ത് ബാലകൃഷ്ണന്റെ ചിത്രലോകം പ്രയാണം തുടങ്ങിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടും  തുടരുന്ന ചിത്ര സപര്യയില്‍ പതിനായിരം രൂപയിലേറെ പ്രതിഫലം കിട്ടിയ  ചിത്രങ്ങള്‍  വിരലിലെണ്ണാവുന്നവ  മാത്രം. 
വീട്ടിലെ ദാരിദ്ര്യം കാരണം ഏഴാംക്ലാസില്‍ പഠനം നിര്‍ത്തേണ്ടിവന്നതാണ് ബാലകൃഷ്ണന്റെ കുട്ടിക്കാലം. കുടുംബത്തിന് താങ്ങാവാന്‍ കൌമാരത്തില്‍ തന്നെ കൂലിപ്പണിയുമായി നടക്കുന്നതിനിടെ ആയിരുന്നു  പടക്കം പൊട്ടി കൈ നഷ്ടപ്പെട്ടത്. ജീവിതം എങ്ങിനെയെങ്കിലും കരകയറ്റാനുള്ള നെട്ടോട്ടത്തിനിടേ ഉണ്ടായ ഈ അപകടം  കുറേ കാലത്തേയ്ക്ക് ബാലകൃഷ്ണന്റെ ജീവിതം ഇരുട്ടിലാക്കി. പിന്നീടാണ്  മെല്ലെ മെല്ലെ വര്‍ണങ്ങളുടെ ലോകത്തേക്ക് പെന്‍സിലും ബ്രഷുമായി നടന്നുകയറുന്നത്. വടകരയിലെ രാംദാസ് മാഷാണ് പെന്‍സില്‍ ഡ്രോയിംഗില്‍ ആദ്യ ഗുരു.   പിന്നീട് കോഴിക്കോട് യൂനിവേഴ്‌സല്‍ ആര്‍ട്സിലും     കാച്ചിലോട്ട് വേലായുധന്‍ മാസ്റ്ററുടെ കീഴിലുമായി കുറേ വര്‍ഷങ്ങള്‍ പെയിന്റിംഗില്‍. അതുകഴിഞ്ഞ് മദ്രാസിലെ സിനിമാ തട്ടകത്തിലേക്ക് വണ്ടികയറി അഞ്ചുവര്‍ഷം കട്ടൗട്ട് വര്‍ക്ക്പഠിച്ചും ചെയ്തും അവിടെ. തുടര്‍ന്ന് കുറച്ചുകാലം മുംബെയില്‍ കൊമേഴ്‌സ് വര്‍ക്ക് പഠിച്ചു. ദാരിദ്ര്യത്തിന്റെ ഇത്തിരി മാത്രം മേലെ നില്‍ക്കുന്ന അവസ്ഥയില്‍ പോലും ആത്മാവിഷ്‌കാരം നടത്താനുള്ള കാന്‍വാസ് മാത്രമായി ഒതുങ്ങുന്നു,ബാലകൃഷ്ണന്റെ ചിത്രമെഴുത്ത്.
ബാലകൃഷ്ണന്‍ വരയ്ക്കാത്ത രവിവര്‍മ ചിത്രങ്ങളില്ല
ചിത്രത്തെ ഗൗരവമായി സമീപിക്കാനിറങ്ങുന്ന ഏതൊരു കലാകരനും രവിവര്‍മയുടെ ഒരുചിത്ര മെങ്കിലും വരച്ചിട്ടുണ്ടാവും. എന്നാല്‍ ബാലകൃഷ്ണന്റെ കാര്യം എടുത്താല്‍ രവിവര്‍മ വരച്ച ചിത്രങ്ങളൊക്കെയും 52 വയസില്‍ നില്‍ക്കുമ്പോഴെയ്ക്കും  ബാലകൃഷ്ണന്‍ പുനസൃഷ്ടിച്ചുകഴിഞ്ഞിരിക്കുന്നു. ശകുന്തള, ഹംസദമയന്തി, അധികം ആരും ചെയ്തിട്ടില്ലാത്ത സൈരന്ധ്രി, മദര്‍ ആന്റ് ചൈല്‍ഡ്, രാവണ, ജഡായു, മലയാളി ലേഡി, മുല്ലപ്പൂ ചൂടിയ മലയാളി പെണ്‍കുട്ടി.ഇങ്ങനെ  പറഞ്ഞാല്‍ രവിവര്‍മയുടെ എല്ലാം. ഇതില്‍ തന്നെ ഹംസ ദമയന്തിമാത്രം ഒരമ്പതെണ്ണമെങ്കിലും വരച്ചിട്ടുണ്ടെന്നത് അദ്ഭുതതോടെയല്ലാതെ കേള്‍ക്കാന്‍ കഴിയില്ല.   രവിവര്‍മയുടെതിനു പുറമെ വാന്‍ഗോഗ്, റൂംബ്രാന്‍ഡ്, ഡാവിഞ്ചി, മൈക്കല്‍ ആഞ്ചലോ തുടങ്ങിയവരുടെ ചിത്രങ്ങളും ബാലകൃഷ്ണനിലൂടെ പുര്‍ജനിച്ചിട്ടുണ്ട്. ഇടവേളകളില്‍ ലാന്‍ഡ്‌സ്‌കേപ്പിന്റെ അനന്ത  സാധ്യതകള്‍ തേടിയുള്ള യാത്രകളും നടത്തുന്നുണ്ട് ബാലകൃഷ്ണന്‍..
മാധ്യമങ്ങള്‍ മാറി മാറി ഉപയോഗിക്കുന്നതില്‍ മിടുക്കു കാണിക്കുന്ന ബലകൃഷ്ണന്‍ ഇപ്പോള്‍ എണ്ണച്ചായത്തെ നൈഫിലൂടെ കാന്‍വാസിലേക്ക് പകര്‍ത്താനും തുടങ്ങിയിട്ടുണ്ട്.  വരച്ചുവെച്ച പലചിത്രങ്ങളുമിപ്പോള്‍ വീട്ടിലിരുന്ന് പൊടിപിടിക്കുകയാണ് എന്നതാണ് ദു:ഖകരം. 

പദ് മനാഭന്‍ തിക്കോടി 

എന്‍റെ തിക്കോടി [നാല് ] ശ്രീമതി പി ടി ഉഷ

എന്‍റെ തിക്കോടി [നാല് ]

ശ്രീമതി പി ടി ഉഷ 

പദ് മനാഭന്‍ തിക്കോടി 

ലോക കായികരംഗത്തേയ്ക്കുള്ള എന്‍റെ തിക്കോടിയുടെ ഏറ്റവും മികച്ച സംഭാവനയായിരുന്നു ശ്രീമതി പി ടി ഉഷ...ഓര്‍ക്കുന്നുണ്ടാവും.. .സെക്കന്റിന്റെ നൂറിലൊരംശത്തിനു ഒളിമ്പിക്‌ മെഡൽ വഴുതിപ്പോയ, സമയത്തിന്‍റെ വിലയെന്തെന്ന് വിശദീകരിയ്ക്കുമ്പോഴൊക്കെ നാം ഉദാഹരണമായി എടുത്തുപറയുന്ന ആ നിമിഷം ...

1964 ജൂണ്‍ 27- ന് തൃക്കൊട്ടൂരിലെ പിലാവുള്ളകണ്ടി തെക്കേ പറമ്പില്‍ പൈതലിന്‍റെയും ലക്ഷ്മിയുടെയും പുന്നാര മകളായി പിറന്ന ഉഷയിലെ ഓട്ടക്കാരിയെ ആദ്യമായി കണ്ടെത്തുന്നത് ബാലേട്ടന്‍ എന്ന് ഞങ്ങളൊക്കെ വിളിയ്ക്കുന്ന, തൃക്കോട്ടൂര്‍ യു പി സ്കൂളിലെ കായികാദ്ധ്യാപകനായ ബാലകൃഷ്ണന്‍ മാഷ്‌... അവിടുന്നങ്ങോട്ട് കായികരംഗത്ത് ഉഷ ചാടിയും, ഓടിയും നമ്മുടെ രാജ്യത്തിന് നേടിത്തന്ന യശസ്സ് ഇന്ത്യയിലെ ലക്ഷക്കണക്കിന്‌ കായികപ്രേമികള്‍ക്കൊപ്പം ഞങ്ങള്‍ തിക്കോടിക്കാരും സാക്ഷി.... ഒരു സ്വകാര്യ അഹങ്കാരം ഇപ്പോഴും എന്‍റെ ഉള്ളിലുണ്ട്... പെരുമാളപുരത്തെ ഹൈസ്കൂള്‍ മൈതാനിയെ ഞെട്ടിച്ച ആദ്യ പ്രകടനങ്ങള്‍ക്ക് സാക്ഷിയായി ഞാനുമുണ്ടായിരുന്നു, അന്ന് ഒരദ്ധ്യാപകനായിരുന്നത് കൊണ്ട് ലഭിച്ച ഒഫിഷ്യല്‍ എന്ന സൗകര്യം ..

കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ ചേര്‍ന്നതോടെ ഒ എം നമ്പ്യാരിലൂടെ ഉഷയ്ക്ക് മികച്ച ഒരു കോച്ചിനെ ലഭിച്ചു...

മുപ്പത്തി ഏഴാം വയസ്സില്‍ [ 2000 ജൂലൈ 26 ] അന്താരാഷ്‌ട്ര മത്സരവേദിയില്‍ നിന്ന് വിരമിയ്ക്കുന്നതിനിടെ കൈവരിച്ച നേട്ടങ്ങള്‍ നിരവധി --

1977 - ല്‍ കോട്ടയത്ത്‌ നടന്ന കായികമേളയില്‍ ദേശീയ റിക്കാര്‍ഡ്.
1980 - ല്‍ മോസ്കോ ഒളിമ്പിക്സില്‍ പങ്കെടുത്തു.. സ്പ്രിന്‍റ് ഇനങ്ങളില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരി..
1982 - ല്‍ ദല്‍ഹി ഏഷ്യാഡില്‍ മെഡല്‍ നേടുന്ന ആദ്യ വ്യക്തി...
1984 - ല്‍ ലോസ് ആഞ്ചലസ് ഒളിമ്പിക്സില്‍ നാനൂറു മീറ്റര്‍ ഹര്‍ഡില്‍സില്‍ നാലാം സ്ഥാനം..മെഡല്‍ നഷ്ടം തലനാരിഴയ്ക്ക്..തുടര്‍ന്ന് നിരവധി യൂറോപ്യന്‍ മീറ്റുകളിലായി നാല് വെള്ളിയും അഞ്ചു വെങ്കലവും..
പദ് മ ശ്രീ നേടി..
അര്‍ജുന അവാര്‍ഡ്‌ നേടി ..
1985 - ല്‍ ജകാര്‍ത്ത ഏഷ്യന്‍ മീറ്റില്‍ അഞ്ചു സ്വര്‍ണം, ഒരു വെങ്കലം ... ഏറ്റവും നല്ല വനിതാ അത് ലറ്റ് ..
1985, 1986 വര്‍ഷങ്ങളില്‍ ലോക അത് ലറ്റിക്സിലെ മികച്ച പത്ത് താരങ്ങളില്‍ ഒരാള്‍...
1986 - ല്‍ സോള്‍ ഏഷ്യാഡില്‍ നാല് സ്വര്‍ണം, ഒരു വെള്ളി...ഏറ്റവും നല്ല കായികതാരത്തിനുള്ള Adidas golden shoe അവാര്‍ഡ്‌ ..
1985, 1986, 1987, 1989 വര്‍ഷങ്ങളില്‍ ഏറ്റവും നല്ല കായിക താരത്തിനുള്ള ഭാരത സര്‍ക്കാര്‍ പുരസ്കാരം...
1999 -ല്‍ സാഫ് ഗെയിംസില്‍ ഒരു സ്വര്‍ണം, രണ്ടു വെള്ളി...

ഇന്നും കായികരംഗം വിട്ടിട്ടില്ല ഉഷ...വളര്‍ന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിയ്ക്കുന്നു. ഉഷ സ്കൂള്‍ ഓഫ് അത് ലറ്റിക്സില്‍ ....


എന്റെ തിക്കോടി ( മൂന്ന് )- ഗോപികൃഷ്ണന്‍ കാർടൂണിസ്റ്റ്


എന്റെ തിക്കോടി ( മൂന്ന് )

പദ്മനാഭൻ തിക്കോടി 

  1989 സപ്തംബർ 23 ന് മാതൃഭൂമിയിൽ ഒരു പരസ്യം കാണുമ്പോഴാണ് എന്റെ നാട്ടിലെ - അതെ, തിക്കോടിയന്റെയും  ബി.എം. ഗഫൂറിന്റെയും നാടായ എന്റെ തിക്കോടിയിലെ, എന്റെ വീട്ടിനടുത്തുള്ള, എന്റെ വീടുമായി അടുത്ത ബന്ധമുള്ള കുടുംബത്തിലെ കൊല്ലന്റെ കണ്ടിയിലെ കൊച്ചു കാർടൂണിസ്റ്റ് സംസ്ഥാനമൊട്ടുക്കും അറിയപ്പെടാൻ പോകുന്നു എന്നറിയുന്നത്....അതെ, ഇന്നത്തെ പ്രശസ്ത cartoonist ഗോപികൃഷ്ണന്റെ ഒരു കാർടൂണ്‍ പരമ്പര ഗൃഹലക്ഷ്മി മാസികയിൽ പ്രസിദ്ധീകരിച്ചു തുടങ്ങുന്നതിന്റെ പരസ്യമായിരുന്നു അത് - സമാജം സരോജം. സാക്ഷാൽ എം ടി പത്രാധിപരായിരുന്ന സമയമായിരുന്നു അത് എന്നത്, എന്റെ സന്തോഷം ഇരട്ടിപ്പിച്ചു.  


  തിക്കോടി പോലെയുള്ള ഒരു ഗ്രാമത്തിലെ പഴയ ഒരു കൂട്ടുകുടുംബത്തിൽ ജനിച്ചു വളർന്ന ചെറിയ ഒരു കുട്ടി എപ്പോഴും വരച്ചുകൊണ്ടിരിക്കുന്നത് വീട്ടുകാർ ശ്രദ്ധിയ്ക്കുമല്ലോ..പ്രത്യേകിച്ചും വരയ്ക്കുന്നത് വീടിന്റെ കോലായിലും മുറ്റത്തെ പൂഴിയിലുമാവുമ്പോൾ. "വരച്ചു മുറ്റം വൃത്തികേടാക്കല്ലേടാ" എന്ന് വഴക്ക് പറയുമായിരുന്നു, വീട്ടിലുണ്ടായിരുന്ന ഒരമ്മാവൻ. എന്നാൽ അവധിക്കാലത്ത്‌ വീട്ടിലെത്താറുള്ള മറ്റൊരമ്മാവൻ അവന് ആർ കെ ലക്ഷ്മണിനെ പറ്റിയൊക്കെ പറഞ്ഞു പരിചയപ്പെടുത്തി.ഈ അമ്മാവൻ അവനെ ആദ്യമായി 'കാർടൂണിസ്റ്റ്' എന്ന് വിളിച്ചു..... അവന് അഞ്ചു വയസ്സുള്ളപ്പോൾ വീട്ടിലേയ്ക്ക് എഴുതിയ ഒരു കത്തിൽ 'നമ്മുടെ കാർടൂണിസ്റ്റ് ഗോപികൃഷ്ണൻ എന്ത് പറയുന്നു?' എന്ന് ചോദിച്ചു.  ഈ അഞ്ചുവയസ്സുകാരന്റെ കോലായിലും മുറ്റത്തും നോട്ട്ബുക്കിലുമായി ചിതറിക്കിടന്ന  ആദ്യകാലസൃഷ്ടികള്‍ വെളിച്ചം കണ്ടുവോ എന്നറിയില്ല. എന്നാൽ സ്കൂൾ പഠനകാലത്ത് തന്നെ  ഗോപിയുടെ കാര്‍ട്ടൂണ്‍ കളരിയും രൂപപ്പെട്ടു... യുവജനോത്സവത്തില്‍, കവി കൂടിയായ ഹെഡ്മാസ്റ്റര്‍ മൂടാടി ദാമോദരന്‍ മാഷെത്തന്നെ വരച്ച് കാര്‍ട്ടൂണ്‍ മത്സരത്തില്‍ ഒന്നാമനായി.


   കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജിൽ കണക്കുമായി നല്ല ബന്ധമില്ലാത്ത ഗോപി ചേർന്നത്‌ ഫോർത്ത് ഗ്രൂപ്പിനാണ്... സജീവ ശ്രദ്ധ കവിതയെഴുത്തിലും കാർടൂണിലും വിദ്യാർത്ഥി രാഷ്ട്രീയത്തിലുമൊക്കെയായതിനു വേറെ കാരണം തേടേണ്ടല്ലോ. ആയിടെ വരച്ചു കളഞ്ഞ ഒരു കാര്‍ട്ടൂണ്‍, വീട് അടിച്ചുവാരുമ്പോൾ ഗോപിയുടെ അമ്മയ്ക്ക് കിട്ടി. അമ്മ അത് അച്ഛനെ കാണിച്ചുകൊടുത്തു.ഇതാണ് തൻറെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു വരാൻ കാരണമായത്‌ എന്ന് ഗോപി പറഞ്ഞിട്ടുണ്ട്. ഡിഗ്രി രണ്ടാം വർഷമായപ്പോഴാണ് ഇത്. വരയാണ് തനിയ്ക്ക് ചേർന്ന പണി എന്ന് ഗോപിയ്ക്കും വീട്ടുകാർക്കും അപ്പോഴേയ്ക്കും തോന്നിത്തുടങ്ങിയിരുന്നു. യോഗം പോലെ വരട്ടെ എന്ന നിലപാടിലായി, എല്ലാവരും.

     മലയാളിയ്ക്ക് ഇന്ന് ഒരു ദിനചര്യയായി മാറിക്കഴിഞ്ഞ 'കാകദൃഷ്ടി' പിറവിയെടുക്കുന്നതിനു മുമ്പ് ചന്ദ്രികയിലും കേരളകൗമുദിയിലും കാലിക്കറ്റ് ടൈംസിലും ജനയുഗത്തിലുമൊക്കെ വരച്ചിട്ടുണ്ട്. തന്റെ ഉള്ളില്‍ ഒരു നര്‍മബോധമുണ്ടെങ്കില്‍ അത് ജനിതകമാണെന്നു ഗോപീകൃഷ്ണന്‍ വിശ്വസിക്കുന്നു. 

 കേരളകൗമുദി തിരുവനന്തപുരം യൂണിറ്റില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായിരുന്നു ആദ്യം. ഇപ്പോള്‍ മാതൃഭൂമിയില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ്. നിരവധി പുരസ്കാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്..തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെയും കേരള സർക്കാരിന്റെയും Art & Cultural Movement of India യുടെയും ഉൾപ്പെടെ. 

   മുഖം നോക്കാതെയുള്ള നിശിതമായ വിമര്‍ശനവും തെളിമയുള്ള നര്‍മബോധവും  ഗോപീകൃഷ്ണനെ മറ്റു മലയാള പത്രങ്ങളിലെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റുകളിൽ നിന്നും വേറിട്ടുനിർത്തുന്നു എന്നെനിയ്ക്ക് തോന്നാറുണ്ട്. ഇന്ന് കേരളത്തിലുള്ളവരിൽ ഏറ്റവും ജനകീയനായ കാർട്ടൂണിസ്റ്റ് എന്ന് ഞാൻ ഗോപിയെ വിളിയ്ക്കും. വരിയ്ക്ക് ചേർന്ന വരയും, വരയ്ക്കു ചേർന്ന വരിയും - ഗോപികൃഷ്ണന്റെ സൃഷ്ടികളെ ഇങ്ങനെ വിശേഷിപ്പിയ്ക്കാനാണ് എനിയ്ക്കിഷ്ടം.  

    സമകാലികത ഗോപിയുടെ കാര്‍ട്ടൂണുകളില്‍ ഏറെ തെളിഞ്ഞു കാണാം. സിനിമയും പാട്ടും സാഹിത്യവും നന്നായി ഉപയോഗിക്കുന്നുമുണ്ട്. സിനിമാപ്പേരും പുതിയ സിനിമാപ്പാട്ടുമൊക്കെ അതില്‍ സുലഭം. ഏതു വിഷയമെടുത്താലും ഗോപീകൃഷ്ണന്‍ പുലര്‍ത്തുന്ന രാഷ്ട്രീയബോധവും നര്‍മബോധവും ഔന്നത്യം പുലർത്തുന്നതു തന്നെ. കാകദൃഷ്ടിയിലൂടെയും സണ്‍‌ഡേ സ്ട്രോക്സിലൂടെയും ഈ തിക്കോടിക്കാരൻ പ്രകടിപ്പിയ്ക്കുന്നത് അനന്യമായ ചില കഴിവുകൾ- വ്യത്യസ്ത വിഷ്വലുകളില്‍നിന്ന് സമാനരൂപങ്ങളും അര്‍ഥങ്ങളും ഉണ്ടാക്കൽ, പലരും പച്ചയായി വരച്ചു മോശമാക്കിയ ആശയങ്ങളെ കുറിച്ചുള്ള വേറിട്ട ചിന്തകൾ, ചിരിയ്ക്കാനും ചിന്തിയ്ക്കാനും
പ്രേരിപ്പിയ്ക്കുന്ന നിരവധി concept കൾ ഒളിപ്പിച്ചു വെയ്ക്കുന്ന സര്‍ഗപരതയുടെ മാജിക് എന്ന് വിശേഷിപ്പിയ്ക്കാവുന്ന കരവിരുത്.  

    മനസ്സിലെന്നും നിറഞ്ഞു നിൽക്കുന്ന ഒട്ടേറെ കാർട്ടൂണുകൾ ഉണ്ട് -  തിലകന് സിനിമയില്‍ അഭിനയിക്കുന്നതിനു വിലക്കു പ്രഖ്യാപിച്ച 'അമ്മ'യിലെ താരങ്ങളെല്ലാം തിലകന്‍ മരിച്ചതറിഞ്ഞ് കെട്ടിപ്പിടിച്ചു വിലപിക്കുന്നതും, ഉയരെ ആകാശങ്ങളില്‍നിന്ന് തിലകന്റെ ആത്മാവ് അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തെപ്പോലെ 'ഉവ്വ, ഉവ്വ' എന്നു പരിഹസിക്കുന്നതുമായ ചിത്രം,  'ഡോട്ട് കോം വാര്‍ഡ്.'  വി.എസ്സിന്റെ യോഗാ പോസുകളിലൂടെ എ.ഡി.ബി. എന്നെഴുതിയ കാർട്ടൂണ്‍, 'മുളയിലേ നുള്ളിക്കളഞ്ഞപ്പോള്‍... കുരുവിള' എന്ന കാര്‍ട്ടൂണ്‍......... ഹൈക്കോടതിച്ചിത്രത്തില്‍നിന്നു കര്‍ദിനാള്‍ തൊപ്പി ഉണ്ടായതും ടി വിയിലെ ലോകകപ്പ് ഫുട്‌ബോള്‍ ലോഗോയില്‍നിന്ന് ക്ലോസറ്റ് ഉണ്ടാവുന്നതും ആരെയാണ് രസിപ്പിയ്ക്കാത്തത്?

    ഗോപികൃഷ്ണന്റെ മുന്നൂറിലേറെ കാർടൂണുകൾ സമാഹരിച്ച് മാതൃഭൂമി ഒരു ഗ്രന്ഥം പുറത്തിറക്കിറക്കിയിട്ടുണ്ടിപ്പോൾ - നിരവധി കഥാപാത്രങ്ങളുടെയും അതിലേറെ ചിന്താഗംഭീരനര്‍മങ്ങളുടെയും ഒരു മേളനം ..മറിച്ചു നോക്കി കഴിയുമ്പോൾ ഒരു ശ്രീനിവാസൻ സിനിമ കാണുമ്പോഴുള്ള സുഖം പ്രദാനം ചെയ്യുന്ന ഒരു പുസ്തകം.
    രാഷ്ട്രീയപ്രശ്നങ്ങളുടെ തടവറയിൽ നിന്നും  നമ്മുടെ പത്ര കാര്‍ട്ടൂണിനെ പുതിയൊരു സരണിയിലേയ്ക്ക് നയിച്ചവരിൽ പ്രധാനിയായ ഈ തിക്കോടിക്കാരന് എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു, ഇനിയുമിനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ.
---------------------------------------

എന്‍റെ തിക്കോടി [രണ്ട്]- കുഞ്ഞമ്മദ് മാസ്റ്റര്‍

തിക്കോടിയോടുള്ള എന്റെ സ്നേഹം ലേശം അന്ധമാണെന്ന് എന്റെ ചില കൂട്ടുകാർ പറയുന്നു.
ആണോ?
എനിയ്ക്ക് അതത്ര ബോദ്ധ്യമായിട്ടില്ല...
തിക്കോടിയോടുള്ള ഈ സ്നേഹം കൊണ്ടാകാം തിക്കോടിയ്ക്ക് എന്തെങ്കിലും ചെറിയ സഹായം ചെയ്തവർ പോലും എനിയ്ക്ക് ആരാദ്ധ്യർ ....ഒപ്പം തിക്കോടിയിൽ നിന്നും പ്രശസ്തർ ആയവരും .....
തന്റെ ജീവിതസുഖങ്ങളേക്കാൾ തന്റെ പ്രസ്ഥാനത്തിന്റെ വളർച്ചയും തന്റെ സഹജീവികളുടെ ഉയർച്ചയും ആണ് മുഖ്യം എന്ന് കരുതിയിരുന്ന, 1979 മുതൽ 1984 വരെ തിക്കോടി പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കുഞ്ഞമ്മദ് മാസ്റ്റർ എന്ന കെ എം കോമത്ത് എനിയ്ക്ക് ആരാദ്ധ്യൻ ആയതും അതുകൊണ്ട്‌ തന്നെ....

സമ്പന്നതയ്ക്കോ യാഥാസ്ഥിതികത്വത്തിനോ ഒട്ടും കുറവില്ലാതിരുന്ന ഒരു കുടുംബത്തിൽ ജനനം...
ചെറുപ്പം മുതൽ രാഷ്ട്രീയത്തിൽ സജീവം....
രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രസംഗവേദികളിൽ സജീവ സാന്നിദ്ധ്യം ....
നല്ലൊരു സഹകാരി....
അദ്ധ്യാപക-കർഷക പ്രസ്ഥാനങ്ങളിൽ ജില്ലാ നേതൃത്വം ....
പെരുമാളപുരം സൌഹൃദവേദിയുടെ പ്രതാപകാലത്തെ ഗഹന സാഹിത്യ ചർച്ചകളിൽ നിറ സാന്നിദ്ധ്യം ...
അടുത്ത് ഇടപെട്ടവർക്കൊക്കെ നല്ല സ്മരണകൾ മാത്രം ....
നിരവധി കലാ കായിക മേളകളുടെ സംഘാടകൻ ...
മനസ്സിലും വചസ്സിലും നർമ്മം ....
നാടക കലാ പ്രതിഭ.....
പോരാളി....നേതാവ് ....
അദ്ധ്യാപക സംഘടനയിൽ കൂടെ പ്രവർത്തിയ്ക്കാൻ എനിയ്ക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട് ....
ഇന്നും എന്നും സ്മരണയിൽ തിളങ്ങി നിൽക്കും കോമത്ത് ......

പദ്മനാഭൻ തിക്കോടി

2013 സെപ്റ്റംബർ 21, ശനിയാഴ്‌ച

എന്‍റെ തിക്കോടി 

പദ്മനാഭന്‍ തിക്കോടി


  അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍  തുടങ്ങിയ കാലം മുതലേ  തിക്കോടി എന്ന എന്‍റെ പ്രിയപ്പെട്ട ഗ്രാമം എന്നെ ഒരാവേശമായി പൊതിഞ്ഞിട്ടുണ്ടായിരുന്നു, വല്ലാതെ. ഇപ്പോള്‍ തോന്നുന്നു,അതുകൊണ്ടാവണം ഞാന്‍ എഴുത്ത് തുടങ്ങിയ ഏതോ ദുര്‍ബ്ബലനിമിഷത്തില്‍ മറ്റൊരാവേശം എന്നില്‍ ഒരു ഭ്രാന്തായി നിറഞ്ഞത്‌, തിക്കോടിക്കാരന്‍ എന്ന മേല്‍വിലാസമില്ലാതെ പദ്മനാഭന്‍ എന്ന ഞാനില്ല.

    ആ കാലഘട്ടത്തില്‍ ജില്ലവിട്ട് പുറത്തു പോകുന്നവരെല്ലാം കോഴിക്കോട്ടുകാരന്‍ എന്നാണു സ്വയം പരിചയപ്പെടുത്തുക.. ഞാന്‍ അന്നും എന്നെ പരിചയപ്പെടുത്തിയിരുന്നത് തിക്കോടിക്കാരന്‍ എന്ന്. കൂടെ ചിലപ്പോള്‍ കൂട്ടി ചേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ എന്ന് . ആദ്യം പറഞ്ഞിരുന്നവര്‍ക്ക് നഗരവാസി എന്ന പരിഗണന ലഭിച്ചു. .. ഞാന്‍ ഗ്രാമീണനായി തുടര്‍ന്നു. അഭിമാനമായി തോന്നിയിരുന്നു, എനിയ്ക്ക് ആ പരിഗണന. 

  തിങ്ങിനിറഞ്ഞ തേങ്ങാക്കുലകളുടെ ഭാരവുമായി ഗഗനവീക്ഷണം നടത്തുന്ന തെങ്ങുകളും, തണലേകുന്ന വന്‍ വൃക്ഷങ്ങളും, പച്ച നിറമുള്ള നെല്‍പാടങ്ങളും എന്‍റെ ഗ്രാമത്തിന്‍റെ മുഖഛായ തന്നെ ആയിരുന്നു. അക്കാലത്ത് പറമ്പുകള്‍ക്കിടയിലെ നാട്ടുവഴികളിലൊക്കെ മണലാണ്‌. വെള്ളമണല്‍ പരന്നു കിടക്കുന്ന പാലൂര്‍ ക്ഷേത്രമുറ്റം. മെയിന്‍ റോഡിനും റെയില്‍വേ സ്റ്റേഷന്‍ റോഡിനും വശങ്ങളിലായി ഏതാനും പീടികമുറികള്‍ മാത്രമുള്ള ഞങ്ങളുടെ പ്രിയപ്പെട്ട തിക്കോടി ടൌണ്‍..... --   നെല്‍വയലുകള്‍ക്ക് ദാഹജലമേകാന്‍ അരീക്കര തോടും ഓടംകുളവും. വിസ്തൃതമായ റെയില്‍വേ മൈതാനം. വൃത്തിയുള്ള വിശാലമായ ബീച്ച്. 

    തിക്കോടിയിലെ സാമൂഹ്യ വ്യവസ്ഥ തികച്ചും മതനിരപേക്ഷത പുലര്‍ത്തുന്നതായിരുന്നു, അക്കാലത്ത്. തൊട്ടടുത്ത പയ്യോളിയില്‍ നടന്നിരുന്ന, വര്‍ഗീയ ചേരിതിരിവ്‌ സൃഷ്ടിച്ചേയ്ക്കാമായിരുന്ന കണ്ണന്‍ ഗുമസ്തന്‍ കേസൊന്നും ഞങ്ങള്‍ തിക്കോടിക്കാരെ  ഒട്ടും സ്വാധീനിച്ചിരുന്നില്ല. സ്വന്തം മതം മാത്രം ശരി എന്ന ദുഷിച്ച ചിന്ത ഒരു തിക്കോടിക്കാരനിലും ഒരിക്കലും ഉണ്ടായിട്ടില്ല. തിക്കോടിയുടെ കിഴക്കേ അറ്റത്തുള്ള പുറക്കാട് മുതല്‍ പടിഞ്ഞാറ് പാലൂര്‍ ക്ഷേത്ര പരിസരം വരെയുള്ളവരുടെ പ്രാദേശികമായ ഒരു ദേശീയോത്സവമായിരുന്ന കൊങ്ങന്നൂര്‍ ഉത്സവം ഒരാഘോഷം തന്നെ ആയിരുന്നു, ഞങ്ങള്‍ തിക്കോടിക്കാര്‍ക്ക്.  വിവാഹങ്ങള്‍ വഴിയും സൗഹൃദങ്ങള്‍ വഴിയും തിക്കോടിയുമായി ബന്ധപ്പെട്ട കുടുംബങ്ങളൊക്കെ ആ ഒരാഴ്ച ഞങ്ങളുടെ ഗ്രാമത്തില്‍ തന്നെ. 
         
               റെയില്‍വേ മൈതാനത്ത് നടക്കാറുള്ള വിവിധ കായിക മത്സരങ്ങള്‍-, പ്രത്യേകിച്ച് വോളിബോള്‍, ഫുട്ബോള്‍ തുടങ്ങിയവ  സമീപ ഗ്രാമങ്ങളില്‍ നിന്നുള്ളവരുടെയും കൂടി ഉത്സവമായിരുന്നു. ഞങ്ങളുടെ ടൌണിലാണെങ്കില്‍ എന്നും എന്തെങ്കിലും സാമൂഹ്യവിശേഷം ഉണ്ടായിരിക്കും.. 

     മലബാറിലെയും പിന്നീട് കേരള സംസ്ഥാനത്തിലെയും രാഷ്ട്രീയ - സാമൂഹ്യ മുന്നേറ്റങ്ങള്‍ക്ക് ഞങ്ങളുടെ ഗ്രാമം നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. . കേളപ്പജിയുടെ പ്രവര്‍ത്തനങ്ങളില്‍ നല്ലൊരു പങ്ക് തിക്കോടി കേന്ദ്രീകരിച്ചായിരുന്നു.  .. എം പി ആയിരുന്ന ശ്രീ ബി പോക്കര്‍ സാഹേബ്, പ്രമുഖ എഴുത്തുകാരായ തിക്കോടിയന്‍, വി പി മുഹമ്മദ്‌, ബി എം സുഹ്റ, രാമചന്ദ്രന്‍ തിക്കോടി, സിനിമാ നിര്‍മാതാവും സംഗീത നാടക അക്കാദമിയുടെ എക്സി ക്യൂട്ടീവ് മെമ്പറും ആയിരുന്ന ശ്രീ വി അബ്ദുള്ള, പ്രമുഖ കാര്‍ടൂണിസ്റ്റുകളായ ബി എം ഗഫൂര്‍, ഗോപികൃഷ്ണന്‍, എം എല്‍ എ ആയിരുന്ന ശ്രീ മണിമംഗലത്ത് കുട്ട്യാലി, വിഖ്യാത കായിക താരം പി ടി ഉഷ, പ്രമുഖ പത്രപ്രവര്‍ത്തകരായ ടി പി സി കിടാവ്, ഇ സി മാധവന്‍ നമ്പ്യാര്‍, പ്രമുഖ വ്യവസായി ശ്രീ വി കെ മൊയ്തു ഹാജി, പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ശ്രീ വി കെ വിജയന്‍ തുടങ്ങിയവര്‍ വിവിധ മേഖലകളിലേയ്ക്കുള്ള തിക്കോടിയുടെ സംഭാവനകളാണ്. ശ്രീ യു എ ഖാദര്‍,മണിയൂര്‍ ഇ ബാലന്‍, എം കുട്ടി കൃഷ്ണന്‍  തുടങ്ങിയവരും തിക്കോടിയില്‍ നിന്നുമാണ് പ്രശസ്തിയിലേയ്ക്കുയര്‍ന്നത്. 

          തിക്കോടി വിശേഷം ഇനിയും നിരവധി... വീണ്ടും വരാം, കൂടുതല്‍ കാര്യങ്ങലളുമായി...