2013 സെപ്റ്റംബർ 25, ബുധനാഴ്‌ച

എന്‍റെ തിക്കോടി [നാല് ] ശ്രീമതി പി ടി ഉഷ

എന്‍റെ തിക്കോടി [നാല് ]

ശ്രീമതി പി ടി ഉഷ 

പദ് മനാഭന്‍ തിക്കോടി 

ലോക കായികരംഗത്തേയ്ക്കുള്ള എന്‍റെ തിക്കോടിയുടെ ഏറ്റവും മികച്ച സംഭാവനയായിരുന്നു ശ്രീമതി പി ടി ഉഷ...ഓര്‍ക്കുന്നുണ്ടാവും.. .സെക്കന്റിന്റെ നൂറിലൊരംശത്തിനു ഒളിമ്പിക്‌ മെഡൽ വഴുതിപ്പോയ, സമയത്തിന്‍റെ വിലയെന്തെന്ന് വിശദീകരിയ്ക്കുമ്പോഴൊക്കെ നാം ഉദാഹരണമായി എടുത്തുപറയുന്ന ആ നിമിഷം ...

1964 ജൂണ്‍ 27- ന് തൃക്കൊട്ടൂരിലെ പിലാവുള്ളകണ്ടി തെക്കേ പറമ്പില്‍ പൈതലിന്‍റെയും ലക്ഷ്മിയുടെയും പുന്നാര മകളായി പിറന്ന ഉഷയിലെ ഓട്ടക്കാരിയെ ആദ്യമായി കണ്ടെത്തുന്നത് ബാലേട്ടന്‍ എന്ന് ഞങ്ങളൊക്കെ വിളിയ്ക്കുന്ന, തൃക്കോട്ടൂര്‍ യു പി സ്കൂളിലെ കായികാദ്ധ്യാപകനായ ബാലകൃഷ്ണന്‍ മാഷ്‌... അവിടുന്നങ്ങോട്ട് കായികരംഗത്ത് ഉഷ ചാടിയും, ഓടിയും നമ്മുടെ രാജ്യത്തിന് നേടിത്തന്ന യശസ്സ് ഇന്ത്യയിലെ ലക്ഷക്കണക്കിന്‌ കായികപ്രേമികള്‍ക്കൊപ്പം ഞങ്ങള്‍ തിക്കോടിക്കാരും സാക്ഷി.... ഒരു സ്വകാര്യ അഹങ്കാരം ഇപ്പോഴും എന്‍റെ ഉള്ളിലുണ്ട്... പെരുമാളപുരത്തെ ഹൈസ്കൂള്‍ മൈതാനിയെ ഞെട്ടിച്ച ആദ്യ പ്രകടനങ്ങള്‍ക്ക് സാക്ഷിയായി ഞാനുമുണ്ടായിരുന്നു, അന്ന് ഒരദ്ധ്യാപകനായിരുന്നത് കൊണ്ട് ലഭിച്ച ഒഫിഷ്യല്‍ എന്ന സൗകര്യം ..

കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനില്‍ ചേര്‍ന്നതോടെ ഒ എം നമ്പ്യാരിലൂടെ ഉഷയ്ക്ക് മികച്ച ഒരു കോച്ചിനെ ലഭിച്ചു...

മുപ്പത്തി ഏഴാം വയസ്സില്‍ [ 2000 ജൂലൈ 26 ] അന്താരാഷ്‌ട്ര മത്സരവേദിയില്‍ നിന്ന് വിരമിയ്ക്കുന്നതിനിടെ കൈവരിച്ച നേട്ടങ്ങള്‍ നിരവധി --

1977 - ല്‍ കോട്ടയത്ത്‌ നടന്ന കായികമേളയില്‍ ദേശീയ റിക്കാര്‍ഡ്.
1980 - ല്‍ മോസ്കോ ഒളിമ്പിക്സില്‍ പങ്കെടുത്തു.. സ്പ്രിന്‍റ് ഇനങ്ങളില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരി..
1982 - ല്‍ ദല്‍ഹി ഏഷ്യാഡില്‍ മെഡല്‍ നേടുന്ന ആദ്യ വ്യക്തി...
1984 - ല്‍ ലോസ് ആഞ്ചലസ് ഒളിമ്പിക്സില്‍ നാനൂറു മീറ്റര്‍ ഹര്‍ഡില്‍സില്‍ നാലാം സ്ഥാനം..മെഡല്‍ നഷ്ടം തലനാരിഴയ്ക്ക്..തുടര്‍ന്ന് നിരവധി യൂറോപ്യന്‍ മീറ്റുകളിലായി നാല് വെള്ളിയും അഞ്ചു വെങ്കലവും..
പദ് മ ശ്രീ നേടി..
അര്‍ജുന അവാര്‍ഡ്‌ നേടി ..
1985 - ല്‍ ജകാര്‍ത്ത ഏഷ്യന്‍ മീറ്റില്‍ അഞ്ചു സ്വര്‍ണം, ഒരു വെങ്കലം ... ഏറ്റവും നല്ല വനിതാ അത് ലറ്റ് ..
1985, 1986 വര്‍ഷങ്ങളില്‍ ലോക അത് ലറ്റിക്സിലെ മികച്ച പത്ത് താരങ്ങളില്‍ ഒരാള്‍...
1986 - ല്‍ സോള്‍ ഏഷ്യാഡില്‍ നാല് സ്വര്‍ണം, ഒരു വെള്ളി...ഏറ്റവും നല്ല കായികതാരത്തിനുള്ള Adidas golden shoe അവാര്‍ഡ്‌ ..
1985, 1986, 1987, 1989 വര്‍ഷങ്ങളില്‍ ഏറ്റവും നല്ല കായിക താരത്തിനുള്ള ഭാരത സര്‍ക്കാര്‍ പുരസ്കാരം...
1999 -ല്‍ സാഫ് ഗെയിംസില്‍ ഒരു സ്വര്‍ണം, രണ്ടു വെള്ളി...

ഇന്നും കായികരംഗം വിട്ടിട്ടില്ല ഉഷ...വളര്‍ന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിയ്ക്കുന്നു. ഉഷ സ്കൂള്‍ ഓഫ് അത് ലറ്റിക്സില്‍ ....


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ