2015 ജൂൺ 10, ബുധനാഴ്‌ച

എന്റെ FB പോസ്റ്റുകള്‍ 14


'പ്ലാവില' സാഹിത്യപുരസ്‌കാരം അന്തരിച്ച പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ കെ.വി. അനൂപിന് സമര്‍പ്പിച്ചു. കഥാകൃത്ത് സുഭാഷ്ചന്ദ്രനില്‍നിന്ന് അനൂപിന്റെ മകള്‍ ഇതള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കന്മന ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. സിനീഷ് വേലിക്കുനി പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി.
എഴുത്തുകാരന്‍ ഗഫൂര്‍ കോവൂമ്മല്‍ രചിച്ച 'ഇത് കേരളം തന്നെയല്ലേ' എന്ന കവിതാ സമാഹാരം എന്‍. പ്രഭാകരനില്‍നിന്ന് തിക്കോടി നാരായണന്‍ ഏറ്റുവാങ്ങി. മൂടാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. ജീവാനന്ദന്‍, വന്‍മുകം ഗവ. ഹൈസ്‌കൂളില്‍നിന്ന് വിരമിച്ച ഹെഡ്മാസ്റ്റര്‍ രാജന്‍ പഴങ്കാവില്‍ എന്നിവരെ ആദരിച്ചു. ഡോ. സോമന്‍ കടലൂര്‍, സന്തോഷ് തിക്കോടി, ബഷീര്‍ കോവുമ്മല്‍, രാജന്‍ പഴങ്കാവില്‍, സുധാകരന്‍ കൈയാടത്ത്, മണിയൂര്‍ ഇ. ബാലന്‍ എന്നിവര്‍ സംസാരിച്ചു.

എന്റെ FB പോസ്റ്റുകള്‍ 13

ജീവിതാവസ്ഥകളെ വേറിട്ടൊരു കാഴ്ചപ്പാടിലൂടെ കണ്ട് ഗൗരവവും ഹാസ്യവും ആക്ഷേപഹാസ്യവും കറുത്തഹാസ്യവും ചേരുംപടിചേര്‍ത്ത് വായന സുഖദമായ അനുഭവമാക്കാന്‍ പര്യാപ്തമായ പതിനഞ്ചു കഥകളുടെ സമാഹാരം.
അനുരാഗത്തിന്റെ ദംഷ്ട്രങ്ങള്‍
രചന: ശ്രീധരൻ പള്ളിക്കര
Publisher: Poorna Publications

എന്റെ FB പോസ്റ്റുകള്‍ 12

May 16, 2013 ·
മണിയൂര്‍ ഇ. ബാലന്‍ രചിച്ച ‘ഇവരും ഇവിടെ ജനിച്ചവര്‍‘ നോവലിന്റെ പ്രകാശനം സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ നിര്‍വഹിച്ചു. സാരഥി തൃക്കോട്ടൂരിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ എ.കെ.ദാമോദരന്‍ പുസ്തകം ഏറ്റുവാങ്ങി. പട്ടിണിയും ദുരിതവും സഹിച്ച് ജീവിതം തള്ളിനീക്കിയിരുന്ന തെരുവിലെ നെയ്ത്തുകാരുടെ പഴയകാലം ചിത്രീകരിക്കുന്നതാണ് നോവല്‍. സോമന്‍ കടലൂര്‍ പുസ്തക പരിചയം നടത്തി. മഠത്തില്‍ രാജീവന്‍ അധ്യക്ഷനായി. കല്പറ്റ നാരായണന്‍, യു.കെ കുമാരന്‍, ചന്ദ്രശേഖരന്‍ തിക്കോടി, കെ.വി ദിവാകരന്‍, തിക്കോടി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. മണിയൂര്‍ ഇ ബാലന്‍ മറുപടി പറഞ്ഞു. ഇ.സി. ബാബു സ്വാഗതവും പി.കെ.ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

എന്റെ FB പോസ്റ്റുകള്‍ 11

ചാത്തുനായരുടെ 'മീനാക്ഷി'
നോവല്‍ സാഹിത്യത്തില്‍ കുന്ദലതയ്ക്കും ഇന്ദുലേഖയ്ക്കും ഒരനുജത്തിയുണ്ട് കോഴിക്കോട്ട്- 'മീനാക്ഷി'. തിക്കോടി പഞ്ചായത്തിലെ പള്ളിക്കര ചെറുവലത്ത് ചാത്തുനായര്‍ എഴുതിയ നോവല്‍.കുന്ദലത പിറന്നത് 1887ല്‍. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ 'ഇന്ദുലേഖ' വന്നു. അടുത്തകൊല്ലം മീനാക്ഷിയും. മീനാക്ഷിക്ക ്തൊട്ടുപുറകേ മറ്റൊരു നോവല്‍കൂടി പുറത്തുവന്നു- 'ഇന്ദുമതീസ്വയംവരം'. 1890ലാണ് ഈ രണ്ടു കൃതികളും പുറത്തിറങ്ങിയത്. ഈ നോവലുകളെ പരിഹസിച്ചുകൊണ്ട് 1892ല്‍ പുറത്തുവന്ന പറങ്ങോടിപരിണയം എന്ന കൃതിയും കോഴിക്കോട്ടു നിന്നാണുണ്ടായത്. മലയാളത്തിലെ ആദ്യനോവലുകളുടെ പിറവി ഈ ജില്ലയില്‍ നിന്നാണെന്നതിനാല്‍ മലയാള സാഹിത്യ കഥാഖ്യാനത്തിന്റെ പാരമ്പര്യം കോഴിക്കോടിന് സ്വന്തം.
മലയാളത്തിലെ ആദ്യത്തെ നോവല്‍ എന്നു കരുതുന്ന കുന്ദലത റാവു ബഹദൂര്‍ ടി എം അപ്പു നെടുങ്ങാടി എഴുതിയതാണ്. അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായിരുന്ന ഒ ചന്തുമേനോനാണ് ഇന്ദുലേഖയുടെ കര്‍ത്താവ് (1889). ചാത്തുനായര്‍ 1890ല്‍ മീനാക്ഷി പ്രസിദ്ധീകരിച്ചു. കോഴിക്കോട് മാങ്കാവ് പടിഞ്ഞാറെ കോവിലകത്തെ പിസി അമ്മാവന്‍ രാജയാണ് ഇന്ദുമതി സ്വയംവരത്തിന്റെ രചയിതാവ്. ഈ നോവലും ഇതേ വര്‍ഷം - 1890ല്‍ തന്നെ.
പക്ഷേ ആദ്യനോവല്‍ എന്ന പരിഗണന കുന്ദലതയും മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ എന്ന നിലയ്ക്ക് ഇന്ദുലേഖയും സാഹിത്യത്തില്‍ ലബ്ധപ്രതിഷ്ഠ നേടിയപ്പോള്‍ മീനാക്ഷിക്ക് എന്തുകൊണ്ടോ അര്‍ഹിക്കുന്ന പരിഗണനയോ പ്രസിദ്ധിയോ ലഭിക്കാതെ പോയി.
"മീനാക്ഷി അതിന്റെ സ്വരൂപം മുതലായവകൊണ്ടും പ്രധാനപ്പെട്ട പ്രകൃതങ്ങള്‍ കൊണ്ടും അടുത്ത പൂര്‍വഗ്രന്ഥമായ ഇന്ദുലേഖയോട് എത്രയും അനുരൂപമായിരിക്കുന്നുവെങ്കിലും കഥയ്ക്ക് പ്രത്യക്ഷമായ പ്രത്യേകതയുള്ളതായി കാണുന്നുവെങ്കില്‍ ചാത്തുനായര്‍ അവര്‍കളുടെ വാസനയെ വളരെ പ്രശംസിക്കേണ്ടിയിരിക്കുന്നു". എന്നാണ് മലയാള മനോരമയുടെ സ്ഥാപക പത്രാധിപര്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിള അഭിപ്രായപ്പെട്ടിട്ടുള്ളത്. (മലയാള മനോരമ 1891 ജനുവരി 10) പക്ഷേ ഈ കൃതി ഇന്ദുലേഖയുടെ നിര്‍ജ്ജീവമായ ഒരനുകരണമെന്നാണ് മഹാകവി ഉള്ളൂരിന്റെ വിലയിരുത്തല്‍.
തിക്കോടി പഞ്ചായത്തിലെ പള്ളിക്കരയില്‍ ഒരു ഭൂകുടുംബത്തില്‍ ജനിച്ച ചാത്തുനായര്‍ ഉന്നതവിദ്യാഭ്യാസം നേടി കോഴിക്കോട് ബിഇഎം സ്‌കൂളില്‍ സംസ്‌കൃതാധ്യാപകനായി. അക്കാലത്ത് പുറത്തിറങ്ങിയ ചില കഥാപ്രബന്ധങ്ങളില്‍ ആവേശഭരിതനായി 1890 മാര്‍ച്ചില്‍ ആരംഭിച്ച മീനാക്ഷിയുടെ രചന നവംബറില്‍ പൂര്‍ത്തിയാക്കിയതായി നോവലിന്റെ ആമുഖത്തില്‍ ചാത്തുനായര്‍ പറയുന്നു.
സവര്‍ണരായ സ്ത്രീകളില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ആവശ്യകത ഊന്നി പറയുകയും 19ാം നൂറ്റാണ്ടില്‍ നടമാടിയ അനാചാരങ്ങളെയും ഉച്ചനീചത്വങ്ങളെയും വിമര്‍ശിക്കുകയും ചെയ്യുന്ന ഈ രചനയിലൂടെ ചാത്തുനായര്‍ക്ക് സമുദായത്തില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. ഉന്നതകുലജാതയായ ഭാര്യയെ കോഴിക്കോട്ട് താന്‍ ജോലി ചെയ്യുന്ന വിദ്യാലയത്തിനു സമീപം കൊണ്ടു വന്നു താമസിപ്പിച്ചതിന് സമുദായത്തില്‍ ഭ്രഷ്ട് നേരിടേണ്ടിവന്നിട്ടുമുണ്ട്. അക്കാലത്ത് വടക്കേ മലബാറിലെ സവര്‍ണ സമുദായ വനിതകള്‍ കോരപ്പുഴ കടന്ന് തെക്കോട്ട് വരാന്‍ പാടില്ലെന്നായിരുന്നു നിബന്ധന. അത് ലംഘിക്കുന്നവരെ സമുദായത്തില്‍നിന്നും പുറത്താക്കിയിരുന്നു. ചാത്തുനായരുടെ ഭാര്യ കാരയാട് അംശത്തിലെ വേട്ടിയോട്ട് തറവാട്ടിലെ മാതുഅമ്മയ്ക്കും ഈ മാനഹാനി നേരിടേണ്ടി വന്നു. ഇത് സംബന്ധിച്ച് 1891 ഫിബ്രവരി 14ന് മലയാള മനോരമയില്‍ വന്ന വാര്‍ത്തയില്‍ ഇങ്ങനെ പറയുന്നു.
'മലയാളം പണ്ഡിതനും മീനാക്ഷിയുടെ ഗ്രന്ഥകര്‍ത്താവുമായ ചെറുവലത്ത് ചാത്തു നായര്‍ അവര്‍കള്‍ തന്റെ ഭാര്യയെ ഇവിടെ (കോഴിക്കോട്ട്) കൊണ്ടുവന്നിരിക്കുന്നതായി അറിയുന്നു. വടക്കേ മലബാറിലെ മലയാള സ്ത്രീകളെ കോരപ്പുഴയ്ക്ക് തെക്കോട്ട് കടത്തിക്കൂടാ എന്ന മൂഢതയെ ഇദ്ദേഹം അനാദരിച്ചത് വളരെ ഉചിതമായി.'
ഋണബാധ്യതയും കുടുംബഭാരവും കൊണ്ട് ഒട്ടേറെ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ച നിര്‍ഭാഗ്യവാനായിട്ടാണ് മീനാക്ഷിയുടെ ജന്മശതാബ്ദി പതിപ്പില്‍ പ്രശസ്ത കഥാകൃത്ത് പള്ളിക്കര വിപി മുഹമ്മദ് ചാത്തുനായരെ പരിചയപ്പെടുത്തുന്നതു കൊണ്ടാവണം മറ്റു രണ്ടു നോവലുകളുടെ പ്രശസ്തിയോ പ്രസക്തിയോ മീനാക്ഷിക്ക് ലഭിക്കാതെ പോയതും. ഈ നോവല്‍കൃതികളുടെ പിറവി കോഴിക്കോട്ടായെന്നതിനാല്‍ മലയാള നോവല്‍ ശാഖയില്‍ കോഴിക്കോടിന്റെ സംഭാവനയ്ക്ക് പ്രാധാന്യമേറുന്നു.
നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകന്‍, കോഴിക്കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍, അച്ചുതന്‍ ഗേള്‍സ് സ്‌കൂളിന്റെ ആദ്യരൂപമായ നേറ്റീവ് ഗേള്‍സ് സ്‌കൂളിന്റെ സ്ഥാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ തലക്കൊടി മഠത്തില്‍ അപ്പു നെടുങ്ങാടിയുടെയും ന്യായാധിപനായിരുന്ന ഒയ്യാരത്ത് ചന്തുമേനോന്റെയും പെരുമയും പ്രശസ്തിയും അവരുടെ നോവലുകള്‍ക്ക് സ്വീകാര്യത വര്‍ധിപ്പിച്ചപ്പോള്‍ കോഴിക്കോട് ജില്ലയിലെ നാട്ടിന്‍പുറത്തുകാരനായ ചാത്തുനായരുടെ രചനയുടെ പ്രത്യേകതകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയെന്ന് കരുതുന്നവരുണ്ട്. മറ്റു രണ്ടു കൃതികളെ അപേക്ഷിച്ച് ദീര്‍ഘമായ ഈ കഥയുടെ അവതരണവിവരണ രീതി പഠനാര്‍ഹമാണ്. 18ാം നൂറ്റാണ്ടില്‍ മലബാറിലെ ദായക്രമങ്ങളിലേക്കും ആചാരാനുഷ്ഠാന രീതികളിലേക്കും സാമൂഹിക സാമ്പത്തിക സ്ഥിതിഗതിയിലേക്കും മാമൂലികളില്‍നിന്ന് കുതറിമാറി ആധുനികതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ജനത നേരിടുന്ന പ്രതിസന്ധികളിലേക്കും അനുഭവിക്കുന്ന ഭയവിഹ്വലതകളിലേക്കും ഈ നോവല്‍ കണ്ണു തുറക്കുന്നു.
അവലംബം:കേരളപോസ്റ്റ്

എന്റെ FB പോസ്റ്റുകള്‍ 10

സികെജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന സി കെ ഗോവിന്ദന്‍ നായര്‍ ദേശീയപ്രസ്ഥാനത്തിന്റെ കാലഘട്ടത്തില്‍ എത്രയോ ധീരന്മാരും ത്യാഗികളും നേതൃത്വത്തില്‍ ഉണ്ടായിരുന്നപ്പോഴും വ്യത്യസ്തമായ ഒരു വ്യക്തിത്വം പുലര്‍ത്തിയ ആളായിരുന്നു. സികെജിയുടെ ജീവചരിത്രഗ്രന്ഥം-
സി.കെ. ഗോവിന്ദന്‍ നായര്‍
രചന:തിക്കോടി നാരായണന്‍ 
ജീവചരിത്രം
ഭാഷ :മലയാളം 
Publisher : Mathrubhumi

എന്റെ FB പോസ്റ്റുകള്‍ 9


തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ 2013 ലെ മികച്ച കാര്‍ട്ടൂണിനുള്ള അവാര്‍ഡ് തിക്കോടി സ്വദേശിയായ ഗോപീകൃഷ്ണന് (മാതൃഭൂമി കോഴിക്കോട്) .
2013, 2014 വര്‍ഷത്തെ കാര്‍ട്ടൂണ്‍-ക്യാമറ-ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കുള്ള അവാര്‍ഡ് ബിജു വര്‍ഗീസ് (മാതൃഭൂമി, തിരുവനന്തപുരം), മികച്ച കാര്‍ട്ടൂണിനുള്ള അവാര്‍ഡ് ടി കെ സുജിത്ത് (കേരള കൗമുദി, തിരുവനന്തപുരം) എന്നിവര്‍ക്ക് ലഭിച്ചു. 
മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് ഫോട്ടോഗ്രഫിക്കുള്ള മിനര്‍വ കൃഷ്ണന്‍കുട്ടി അവാര്‍ഡിന് മനോജ് ചേമഞ്ചേരി (മലയാള മനോരമ, തിരുവനന്തപുരം) അര്‍ഹനായി. 2013 ലെ മികച്ച വിഷ്വല്‍ മീഡിയ ക്യാമറാമാനായി രാജേഷ് തകഴി (ഏഷ്യാനെറ്റ് ന്യൂസ്, ആലപ്പുഴ) യും 2014 ലെ മികച്ച വിഷ്വല്‍ മീഡിയ ക്യാമറാമാനായി സോളമന്‍ റാഫേലും (ഏഷ്യാനെറ്റ് ന്യൂസ്, തൃശൂര്‍) തിരഞ്ഞെടുക്കപ്പെട്ടു.
എല്ലാ ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍!!
മലയാള പത്രങ്ങളില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച മികച്ച വാര്‍ത്താചിത്രത്തിനാണ് അവാര്‍ഡ് നല്‍കുന്നതെന്ന് പ്രസ്‌ക്ലബ് പ്രസിഡന്റ് പി പി ജയിംസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ന്യൂസ് ഫോട്ടോഗ്രഫിക്ക് സ്വര്‍ണപ്പതക്കവും ഫലകവും പ്രശംസാപത്രവും കാര്‍ട്ടൂണിനും വിഷ്വല്‍ മീഡിയ ക്യാമറാമാനും 5000 രൂപയും ഫലകവും പ്രശംസാപത്രവുമാണ് അവാര്‍ഡ്. ജൂണ്‍ നാലിന് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് പ്രസ്‌ക്ലബ് സെക്രട്ടറി ജയന്‍മേനോന്‍ പറഞ്ഞു.

എന്റെ FB പോസ്റ്റുകള്‍ 8

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമൂഹികസേവന പദ്ധതിയുടെ ഭാഗമായി തൃക്കോട്ടൂര്‍ വെസ്റ്റ് ഗവ. എല്‍.പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങളും സാമ്പത്തികസഹായവും വിതരണം ചെയ്തു. തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിര്‍മല മഠത്തിക്കുളങ്ങര അധ്യക്ഷത വഹിച്ചു. എസ്.ബി.ഐ. സ്റ്റേറ്റ് ജനറല്‍ മാനേജര്‍ അന്റ്റോണിയോ ഡോസ് ഡിഡൂസ ആനൂകൂല്യങ്ങള്‍ വിതരണം ചെയ്തു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്. മുരളീധരന്‍, റീജ്യണല്‍ മാനേജര്‍ ജി.കെ. മേനോന്‍, ബി.പി.ഒ. ബാബു പയ്യത്ത്, എ. ബാലചന്ദ്രന്‍, സി. പത്മനാഭന്‍, ശാഖാ മാനേജര്‍ അബു അനീസ്, പ്രധാനാധ്യാപകന്‍ യു.കെ. അബ്ദുള്‍ മജീദ്, പി.ടി.എ. പ്രസിഡന്റ് ബൈജു ചാലില്‍ എന്നിവര്‍ സംസാരിച്ചു.